കണ്ടെത്തിയത് ചെളിയും പാറയും മാത്രം; ഇന്നത്തേക്ക് തിരച്ചിൽ നിർത്തി; പുഴയിലിറങ്ങിയുള്ള പരിശോധന നാളെയും തുടരും

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം. പുഴയിലിറങ്ങിയുള്ള പരിശോധന നാളെയും തുടരും.

ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുളള മത്സ്യത്തൊഴിലാളികളും ഇന്ന് തിരച്ചിലിനായി എത്തിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് നദിയുടെ മധ്യത്തിൽ രൂപപ്പെട്ട മൺതിട്ടയിൽ നിന്നും നദിയിലേക്കിറങ്ങിയാണ് പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെയും നാവികസേനയും സംയുകതമായി ഇന്ന് പരിശോധന നടത്തിയത്.

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനതിന് തിരിച്ചടിയാവുന്നുണ്ട്. അതിനിടെ വടം പൊട്ടി ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടതും തിരിച്ചടിയായിരുന്നു. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു.

അതിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന നാലാം പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ഇന്നത്തെ പരിശോധന, എന്നാൽ ചെളിയും പാറയും മാത്രമാണ് നാലാം പോയന്റിൽ മൽപെയ്ക്ക് ലഭിച്ചത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മലവെള്ളപാച്ചിൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.