ഇന്ത്യൻ ഭരണഘടനയെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിലിൽ തിരിച്ചെത്തിച്ച നിയമ പേരാട്ടം നടത്തിയത് സിപിഐഎം ആണെന്നും കോൺഗ്രസ് എവിടെ ആയിരുന്നുവെന്നും യെച്ചൂരി ചോദിച്ചു. മത ന്യൂനപക്ഷങ്ങൾക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടത് പാർട്ടികളാണെന്നും യെച്ചൂരി പറഞ്ഞു.
ബിജെപി നയങ്ങളെ ശക്തമായി എതിർത്തത് സിപിഐഎമ്മാണ്. അന്നൊക്കെ കോൺഗ്രസ് എവിടെയായിരുന്നു? രാജ്യത്തിന്റെ ആസ്തികളെല്ലാം കേന്ദ്രം വിൽക്കുകയാണ്, സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നു. കാടുകൾ, തുറമുഖങ്ങൾ, വിമാനത്താവളം, എണ്ണ ഊർജ സ്രോതസ്സുകളെല്ലാം പ്രധാനമന്ത്രിയുടെ സ്നേഹിതരായ കോർപറേറ്റുകൾക്ക് നൽകി കൊണ്ടിരിക്കുന്നു. സമ്പന്നർ അതി സമ്പന്നരായി കൊണ്ടിരിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ എല്ലാം തച്ചുടയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. മതേതര ജനാധിപത്യം സംരക്ഷിക്കാൻ, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് നരേന്ദ്ര മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമർശിച്ചു. കോൺഗ്രസ് അല്ല. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമാണ് ബി ജെ പിയുടെ ഹിന്ദുത്വ ഭാരത സങ്കൽപത്തിലെ ആഭ്യന്തര ശത്രുക്കൾ. പഴയ കോൺഗ്രസുകാർ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ധാരാളമുണ്ട്. ഇനിയും കോൺഗ്രസ് നേതാക്കൾ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു.
നിലനിൽപിന് വേണ്ടിയുള്ള കടമെടുപ്പ് വലിയ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളിലേക്ക് പോവുകയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് മോദി സർക്കാരെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തെ തകർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സർക്കാരാണിത്. കേരളത്തിന് അർഹമായ വിഹിതം നൽകാതെയും ഗവർണറെ ഉപയോഗിച്ചുമാണ് കേരളത്തിന് എതിരെയുള്ള കേന്ദ്ര നീക്കമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.