മൈസൂരുവില്‍ പുള്ളിപ്പുലിയിറങ്ങി; വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതമായി അടച്ചു; വിനോദസഞ്ചാരികളെ തടയും; തിരച്ചില്‍ തുടങ്ങി

മൈസൂരുവിനെ ആശങ്കലിലാഴ്ത്തി വൃന്ദാവന്‍ ഉദ്യാനത്തില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് ഉദ്യാനത്തിന്റെ വടക്കേ കവാടത്തിന് സമീപം പുലിയെ കണ്ടത്. വിനോദ സഞ്ചാരികളാണ് പുലിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഗാര്‍ഡുമാര്‍ എത്തിവിവരം സ്ഥിരീകരിച്ചു. വനംവകുപ്പ് അധികതര്‍ എത്തിയെങ്കിയും പുലിയെ കണ്ടെത്താനായില്ല.

കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കര്‍ണാടക വ്യവസായ സുരക്ഷാസേനാംഗങ്ങള്‍ പുലിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഉദ്യാനത്തിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നനിലയില്‍ പുലിയെ കണ്ടു.

തിരച്ചില്‍ നടത്തുന്നവരെ പുലി ആക്രമിക്കാനും ശ്രമിച്ചു. ഉടന്‍ ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഓടിമറഞ്ഞ പുലിയെ പിന്നീട് കണ്ടെത്താനായില്ല. പുലിയെ പിടികൂടാനായി വനംവകുപ്പ് അധികൃതര്‍ ഉദ്യാനത്തില്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ വിനോദസഞ്ചാരികളെ പുറത്താക്കി ഉദ്യാനം അടയ്ക്കുകയായിരുന്നു. പുലിയെ പിടികൂടിയ ശേഷമായിരിക്കും ഉദ്യാനം ഇനി തുറക്കുക. ആദ്യതവണ പുലിയുടെ സാന്നിധ്യമുണ്ടായിട്ടും തിരച്ചില്‍ നടത്താതെ ഉദ്യാനം തുറന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഉദ്യാനം അടയ്ക്കുന്നത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ടൂറിസം സീസണിലെ പുലിയിറക്കം വൃന്ദാവന്‍ അധികൃതരെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്.