കള്ളക്കുറിച്ചി വിഷമദ്യദുരന്തം: മദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ; ഇതുവരെ 55 മരണം

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷ മദ്യ ദുരന്തത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈയാണ് അറസ്റ്റിലായത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് വച്ചാണ് ഇയാൾ വാറ്റിയെടുത്ത വിഷ മദ്യം വിതരണം ചെയ്തത്. അതേസമയം ദുരന്തത്തിൽ ഇതുവരെ 55 പേരാണ് മരിച്ചത്. നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

ഇക്കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തിൽ മരണം വർധിക്കുകയാണ്. നിരവധിപേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നതിനാൽ ഓരോ ദിവസവും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതേസമയം ഇന്നലെ വൈകുന്നേരം വരെ മരിച്ചവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കളക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു. രോഗം ബാധിച്ച മൂന്ന് പേർ സുഖം പ്രാപിച്ചെന്നും മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ജസ്റ്റിസ് ബി ഗോകുൽദാസ് ഏകാംഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തെ സമയം റിപ്പോർട്ട് നൽകാൻ അനുവദിച്ചിട്ടുണ്ട്. നടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. 55 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്.

Read more