ഐതിഹാസിക ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി. “ലതാ ജി ഒരു നല്ല മനുഷ്യയായിരുന്നു, അവരുമായുള്ള എന്റെ എല്ലാ ഇടപെടലുകളിലും അവരുടെ ലാളിത്യവും ഊഷ്മളതയും എല്ലാറ്റിനുമുപരിയായി നമ്മുടെ മഹത്തായ രാജ്യത്തോടുള്ള അവരുടെ സ്നേഹവും എന്നെ സ്പർശിച്ചു,” എൽ കെ അദ്വാനി പറഞ്ഞു.
സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള തന്റെ രഥയാത്രയുടെ “സിഗ്നേച്ചർ ട്യൂൺ” ആയി മാറിയത് ലതാ മങ്കേഷ്‌കറിന്റെ രാം ഭജനാണ് എന്ന് എൽ കെ അദ്വാനി കുറിച്ചു.
“പ്രശസ്ത ഗായികമാരിൽ ലതാ ജി എനിക്ക് എക്കാലത്തും പ്രിയപ്പെട്ടവരാണ്, അവരുമായി നീണ്ട കാലം സഹകരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള എന്റെ രഥയാത്ര ആരംഭിക്കാനിരിക്കെ അവർ മനോഹരമായ ഒരു ശ്രീരാമഭജൻ റെക്കോർഡുചെയ്‌ത് എനിക്ക് അയച്ച് തന്നത് ഞാൻ ഓർക്കുന്നു. അവിസ്മരണീയമായ ആ ഗാനം -“രാം നാം മേ ജാദു ഐസ, രാം നാം മൻ ഭായേ, മൻ കി അയോധ്യ തബ് തക് സൂനി, ജബ് തക് രാം നാ ആയേ…”- എന്റെ യാത്രയുടെ സിഗ്നേച്ചർ ഗാനമായി ആയി” എൽ കെ അദ്വാനി പ്രസ്താവനയിൽ പറഞ്ഞു.
“ലതാ ജി ഹിന്ദി സിനിമയ്ക്കുവേണ്ടി മനോഹരമായി ആലപിച്ചിട്ടുള്ള എണ്ണമറ്റ ഗാനങ്ങൾക്കിടയിൽ, എനിക്ക് ‘ജ്യോതി കലഷ് ചൽക്കെ’ വളരെ ഇഷ്ടമാണ്… ഞങ്ങൾ വേദി പങ്കിട്ട നിരവധി പൊതു പരിപാടികളിൽ ഓരോ തവണയും ലതാ ജി ഈ ഗാനം എന്റെ അഭ്യർത്ഥനപ്രകാരം ആലപിച്ചപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നിയിരുന്നു,” എൽ കെ അദ്വാനി കൂട്ടിച്ചേർത്തു.
കോവിഡിന് ശേഷമുള്ള സങ്കീർണതകളെ തുടർന്ന് ലതാ മങ്കേഷ്‌കർ (92) ഇന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ലോകത്തോട് വിടപറയുകയായിരുന്നു.
ജനുവരി എട്ടിന് കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം, ശനിയാഴ്ച ലതാ മങ്കേഷ്‌കറിന്റെ നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു.
Read more
ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി സർക്കാർ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഭാരതരത്‌നയും നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള, “ഇന്ത്യയുടെ വാനമ്പാടി” എന്ന് വിളിക്കപ്പെടുന്ന ഇതിഹാസ കലാകാരിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം മുംബൈയിൽ നടക്കും.