ലോക്‌സഭാ തിരഞ്ഞെടുപ്പ്: മത്സരിക്കാന്‍ യൂസഫ് പത്താനും, ഔദ്യോഗിക പ്രഖ്യാപനമായി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് കോട്ടയായ ബഹരംപൂരില്‍ നിന്നുള്ള തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയാകും. ബംഗാളിലേക്ക് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചൗധരി താന്‍ അഞ്ച് തവണ ലോക്സഭയില്‍ പ്രതിനിധീകരിച്ച സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കാനാണ് സാധ്യത.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗമായിട്ടുണ്ട് യൂസഫ് പഠാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണവും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരിക്കലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി. ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്.

2007ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007 ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു. മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്‌സ്മാനായ യൂസഫ് ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.

Read more

42 ലോക്സഭാ സീറ്റുകളിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിങില്‍ ഗോപാല്‍ ലാമയും മുര്‍ഷിദാബാദില്‍ അബു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും. സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികളുമായി സഖ്യമില്ലെന്ന് തൃണമൂല്‍ ഔദ്യോഗികമായി അറിയിച്ചു.