ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയില്‍ അതൃപ്തിയുമായി തൃണമൂലും എന്‍സിപിയും

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കൊടിക്കുന്നില്‍ സുരേഷ് എംപിയെ മത്സരിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ അതൃപ്തി. മുന്നണിയില്‍ കൂടിയാലോചിക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകപക്ഷീയമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും. ഇന്ത്യ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊടിക്കുന്നില്‍ സുരേഷ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച വിവരം ടിവിയിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബാന്ദോപാധ്യായയുടെ പ്രതികരണം. തങ്ങളുമായി ആരും കൂടിയാലോചന നടത്തിയിട്ടില്ലെന്നും സുധീപ് ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും സുധീപ് അറിയിച്ചു. അതേസമയം കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അവസാന നിമിഷം എടുത്ത തീരുമാനമാണിതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരം നടക്കുന്നത്. നാളെയാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. എന്‍ഡിഎയുടെ ഓം ബിര്‍ലയാണ് കൊടിക്കുന്നില്‍ സുരേഷിനെതിരെ മത്സരിക്കുക.