മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യ വീണ്ടും കുരുക്കില്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ ലോകായുക്തയുടെ നോട്ടീസ്; കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം തുലാസില്‍

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി ലോകായുക്ത. നാളെ മൈസുരുവിലെ ലോകായുക്ത ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൂഡ ഭൂമി ഇടപാട് കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്‌ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ ലോകായുക്ത കേസെടുത്തിരുന്നു. പിന്നാലെ ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിയിലും വിമത നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.

നേരത്തെ മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടണമെന്ന വിധിക്ക് പിന്നാലെ മൈസൂരു നഗരവികസന സമിതി തലവന്‍ കെ. മാരി ഗൗഡ രാജിവെച്ചിരുന്നു. തന്നോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ഇതുവരെ സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്ക് പിന്നില്‍ സമ്മര്‍ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ലോകായുക്ത ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികള്‍. ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ (മൈസൂരു നഗരവികസന അതോറിറ്റി കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. 3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.