വിവാദ വിധി പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി; ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും പ്രതി

വീണ്ടും വിവാദ വിധി പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കേസില്‍ കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രസ്താവന. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അപ്പീല്‍ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി പ്രസ്താവന.

അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്നാണെന്നും വീട്ടമ്മമാര്‍ തന്നെ അഴിമതിയില്‍ പങ്കാളിയായാല്‍ ഇതിനൊരു അവസാനമുണ്ടാകില്ലെന്ന് ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ വ്യക്തമാക്കി. 1992 മുതല്‍ 96 വരെയുള്ള കാലഘട്ടത്തില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ശക്തിവേല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ 2017ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചതോടെ ഇയാളുടെ ഭാര്യ ദേവനായികയെ കോസില്‍ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതി ദേവനായികയ്ക്ക് ഒരു വര്‍ഷം തടവും പിഴയും വിധിച്ചു. ഇതിനെതിരെ ദേവനായിക സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ ഭര്‍ത്താവിനെ കൈക്കൂലി വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയാണ്. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവരുടെ കുടുംബം കൂടിയാണ് ഇല്ലാതാകുന്നത്. അനധികൃതമായെത്തിയ പണം കൊണ്ട് കുടുംബത്തിലുള്ളവര്‍ ജീവിതം ആസ്വദിക്കുന്നെങ്കില്‍ അവരും ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.