ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

മലയാളികള്‍ മാസ് ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ട്. കനത്ത മഴയില്‍ ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിന് പിന്നാലെ അവശ്യ സാധനങ്ങള്‍ ലഭിക്കാതെയായി. പല സാധനങ്ങള്‍ക്കും എംആര്‍പിയേക്കാള്‍ പത്തിരട്ടി വില വരെ നല്‍കേണ്ടി വന്നു. പല അവശ്യ സാധനങ്ങളും കടകളില്‍ ലഭ്യമായിരുന്നില്ല.

കഴിഞ്ഞ ദിവസത്തോടെയാണ് ചെന്നൈയില്‍ വീണ്ടും അവശ്യ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനായത്. പാലും ബ്രെഡും ബിസ്‌കറ്റും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇന്നലെ വരെ എത്ര പണം ചോദിച്ചാലും നല്‍കാന്‍ ചെന്നൈയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു രൂപയുടെ മെഴുകുതിരി പത്ത് രൂപയ്ക്ക് വരെ വാങ്ങിയതായി നഗരത്തിലെ താമസക്കാര്‍ പറയുന്നു.

മഴ കനത്തതോടെ വൈദ്യുതി നിലയ്ക്കുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു മെഴുകുതിരിയും തീപ്പെട്ടിയും വരെ ഉയര്‍ന്ന വിലയില്‍ വാങ്ങേണ്ടി വന്നത്. ദുരന്ത മുഖത്തും ലാഭം കണ്ടെത്തിയവരാണ് ചെന്നൈയില്‍ ഏറെയും. അവശ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ട് വില കൂട്ടിയ വ്യാപാരികളാണ് മലയാളി മാസാണെന്ന് തെളിയിച്ചത്.

2018-19 വര്‍ഷങ്ങളിലായി രണ്ട് പ്രളയങ്ങളെ അതിജീവിച്ച മലയാളികളുടെ പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും കഥകളാണ് ചെന്നൈയിലെ ദുരന്ത മുഖത്തെ കൊള്ളയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ നഗരത്തില്‍ 542 ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 22 അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടായി. ഇതേ തുടര്‍ന്ന് 300 ദുരിതാശ്വാസ ക്യാമ്പുകളാണ് നഗരത്തില്‍ സജ്ജമാക്കിയത്. ഇതുകൂടാതെ 304 മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.