കൈയിൽ പശുവിറച്ചിയുണ്ടെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ട വിചാരണയും മർദ്ദനവും; സംഭവം ട്രെയിനിൽ

കൈയിൽ പശുവിറച്ചിയുണ്ടെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ട വിചാരണയും മർദ്ദനവും. മഹാരാഷ്ട്രയിലാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ സഹയാത്രികർ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. പത്തോളം പേർ ചേർന്നാണ് വയോധികനെ ചോ​ദ്യം ചെയ്തതും മർദ്ദിച്ചതും.

ജൽഗാവ് ജില്ല സ്വദേശിയായ അശ്‌റഫ് മുനിയാർ എന്ന വയോധികനാണ് മർദ്ദനമേറ്റത്. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മുനിയാർ. ഇയാൾ കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളിൽ പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് സംശയിച്ചായിരുന്നു ആക്രമണം. തൻ്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി മാംസം കൊണ്ടുപോകുകയാണെന്ന് ഇയാൾ അറിയിച്ചു.

അതേസമയം മറുപടിയിൽ തൃപ്തരല്ലാത്ത യാത്രികർ വയോധികനെ ഉപദ്രവിക്കുകയും ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. പെട്ടികളിൽ പശു ഇറച്ചിയാണെന്നും അവർ ആരോപിച്ചു. ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസമാണെന്നും ഇവർ പറഞ്ഞു. അതേസമയം റെയിൽവേ കമ്മീഷണർ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ മർദിച്ച യാത്രക്കാരെ റെയിൽവേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.