'സഖ്യ കക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകും'; എൻഡിഎ സഖ്യത്തിന് പുതിയ പൂർണരൂപം നൽകി മോദി

നരേന്ദ്ര മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ പാർട്ടി യോഗം. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് മോദി പ്രതികരിച്ചു. തന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും. തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും എന്‍ഡിഎ യോഗത്തില്‍ സഖ്യകക്ഷികളെ അഭിസംബോധന ചെയ്ത് സംസാരിച്ച് മോദി പറഞ്ഞു.

എൻഡിഎ സഖ്യത്തിന് പുതിയ പൂർണരൂപവും മോദി നൽകി. പുതിയ ഇന്ത്യ (New India), വികസിത ഇന്ത്യ (Developed India), പ്രതീക്ഷയുടെ ഇന്ത്യ (Aspirational India) എന്നതാണ് പുതിയ രൂപം. എന്‍ഡിഎയിലെ മറ്റുകക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ പ്രതിഫലനമാണ് എൻഡിഎ. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സഖ്യമാണ് എൻഡിഎയെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ വിജയത്തെപ്പറ്റിയും മോദി യോഗത്തില്‍ പറഞ്ഞു.

കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കാശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാ​ഗം സഹിച്ചു. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ ഒരു ലോക്സഭാ അം​ഗത്തെ നമുക്ക് ലഭിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തെയും മോദി കടന്നാക്രമിച്ചു. ഇവിഎം മെഷീനിലെ വിശ്വാസ്യത്തെ പറ്റി ഇപ്പോൾ ആരും മിണ്ടുന്നില്ല. വോട്ടിംഗ് യന്ത്രത്തിലെ ഭയം ഇപ്പോൾ അവർക്ക് മാറിയെന്നും മോദി പറഞ്ഞു. എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം പിന്തുണകത്തുമായി നേതാക്കൾ രാഷ്ട്രപതിയെ കാണും. യോഗത്തില്‍ നരേന്ദ്രമോ​ദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്റെ ആവശ്യങ്ങൾ എൻഡിഎ സർക്കാർ ഉറപ്പ് വരുത്തുമെന്ന് യോ​ഗത്തിൽ സംസാരിച്ച മോദി പറഞ്ഞു.