മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്റ്റേ ലഭിച്ചാല്‍ രാഹുലിന് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. ഇന്നത്തെ വിധി രാഹുലിന് നിര്‍ണായകമാണ്.
സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നാണ് രാഹുലിന്റെ ആവശ്യം. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കഴിഞ്ഞ 13ന് സൂറത്ത് സെഷന്‍സ് കോടതി വാദം കേട്ടിരുന്നു.
അഞ്ച് മണിക്കൂര്‍ നീണ്ട വാദത്തില്‍ മാപ്പ് പറയാന്‍ കൂട്ടാക്കാത്ത രാഹുല്‍ അഹങ്കാരിയാണെന്നും സ്റ്റേ നല്‍കരുതെന്നും പരാതിക്കാരനും ബിജെപി എംഎല്‍എയുമായ പൂര്‍ണേശ് മോദിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയില്‍ എങ്ങനെ വരുമെന്നും അനീതി നേരിട്ടുവെന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പൂര്‍ണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിന്‍ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.
Read more
ഇന്ന് സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. ഒപ്പം വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങും. വിധി തിരിച്ചടി ആയാല്‍ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയാണ് അടുത്ത നടപടി.