ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; സല്‍മാന്‍ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ സുരക്ഷ

നിരവധി ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും വൈദ്യുത വേലിയുമാണ് പുതുതായി സ്ഥാപിച്ചത്. ഇതോടൊപ്പം ഹൈ റസല്യൂഷന്‍ സിസി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിനുള്ളത്. സുരക്ഷയുടെ ഭാഗമായി താരത്തിന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹം ഉണ്ടാകാറുണ്ട്. ഇതുകൂടാതെ എല്ലാ വിധ ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളും സല്‍മാന്റെ സുരക്ഷ ഉറപ്പാക്കാനുണ്ട്.

നേരത്തെ മഹാരാഷ്ട്ര മുന്‍ മന്ത്രിയും സല്‍മാന്‍ഖാന്റെ സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ താരത്തിനും നിരവധി തവണ വധ ഭീഷണി ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും സംഘവും സല്‍മാനെതിരെ നിരന്തരം വധഭീഷണി ഉയര്‍ത്തിരുന്നു.

Read more

കഴിഞ്ഞ ഏപ്രില്‍ 14ന് സല്‍മാന്റെ അപ്പാര്‍ട്ട്‌മെന്റിന് നേരെ വെടിവെപ്പുണ്ടായി. ടു വീലറിലെത്തിയ രണ്ട് പേരായിരുന്നു ആക്രമണത്തിന് പിന്നില്‍. സല്‍മാന്റെ അപാര്‍ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്കായിരുന്നു വെടിവെപ്പ്.