രാവിലെ ചായ നല്‍കാന്‍ വൈകി; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിനിയായ അജ്മീരി ബീഗം ആണ് കൊല്ലപ്പെട്ടത്. അജ്മീരിയുടെ ഭര്‍തൃ മാതാവ് ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 10.30ന് ആയിരുന്നു സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം അജ്മീരിയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഫര്‍സാന മരുമകളോട് ചായ ചോദിച്ചെങ്കിലും തനിക്ക് ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്ന് അജ്മീരി അറിയിച്ചു. തുടര്‍ന്ന് ചായയ്ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ഫര്‍സാനയ്ക്ക് ചായ ലഭിച്ചില്ല.

Read more

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ ഫര്‍സാന അടുക്കളയിലെത്തി അജ്മീരിയെ ആക്രമിക്കുകയായിരുന്നു. ഫര്‍സാനയുടെ ആക്രമണത്തില്‍ നിലത്തുവീണ അജ്മീരിയെ ഫര്‍സാന ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.