'ബുള്ളി ബായ്' കേസ്: മുഖ്യപ്രതിയായ യുവതി മുംബൈ പൊലീസിന്റെ പിടിയില്‍

ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മുഖ്യപ്രതിയായ യുവതിയെ ഉത്തരാഖണ്ഡില്‍ നിന്നാണ് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരികയാണ്. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഇവരെ ഉത്തരാഖണ്ഡ് കോടതിയില്‍ ഹാജരാക്കും. കേസിലെ  രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

തിങ്കളാഴ്ച ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ എന്നയാളെ മുംബൈ പൊലീസ് സൈബര്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരും കേസിലെ കൂട്ടുപ്രതികളും പരസ്പരം അറിയാവുന്നവരുമാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബുള്ളി ബായ് ആപ്പ് വിവാദവുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്. ഖല്‍സ സുപ്രിമിസ്റ്റ് എന്ന പേരിലായിരുന്നു വിശാല്‍ അക്കൗണ്ട് തുടങ്ങിയത്.

അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഹോസ്റ്റു ചെയ്യുന്ന ‘ബുള്ളി ബായ്’ ആപ്ലിക്കേഷനില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് അവരെ ലേലത്തിന് എന്ന് പരസ്യം വെയ്ക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്തിരുന്നു. ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ‘ബുള്ളി ബായ്’ ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ കേസെടുത്തു.

ഡല്‍ഹിയിലെയും മുംബൈയിലെയും പൊലീസുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും പൊലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു ഇത്.