അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ എല്ലാവരും ഒന്നിക്കണം എന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. രാജ്യത്ത് എല്ലായിടത്തും തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് അന്വേഷണ ഏജന്‍സികള്‍ മുഖാന്തരം കേന്ദ്രം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് അവര്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ച് പോരാടണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നു. അതിനാല്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഒത്തുകൂടി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും കത്തില്‍ പറയുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഇന്‍കം ടാക്‌സ് വിഭാഗം എന്നവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും അപമാനിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ മൂലം ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് എന്നും മമത പറയുന്നു.
Read more
തൃണമൂല്‍ എംപിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി കല്‍ക്കരി അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.