തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജെ. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് എ.അറുമുഖസാമി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
ജയലളിതയുടെ മരണത്തില്‍ തോഴി ശശികല, ജയലളിതയുടെ പഴ്സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ. രാമ മോഹന റാവു, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് എ. അറുമുഖസാമി കമ്മീഷന്‍ 608 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചു. വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്‌തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ട്. മരണം മറച്ചുവെച്ചു. മരണവിവരം പുറംലോകമറിഞ്ഞത് ഒരു ദിവസത്തിന് ശേഷം. ജയലളിതയും ശശികലയുമായി 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല. തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ശശികല അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ജയലളിതയുടെ മരണത്തില്‍ വിവാദമുയര്‍ന്നതോടെ 2017ല്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാരാണ് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയായ അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള് അന്വേഷണം പ്രഖ്യാപിച്ചത്.
Read more
ജയലളിതയുടെ മരണത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്റ്റാലിന്‍ അറിയിച്ചിരുന്നു.