കളത്തിലിറങ്ങി ദേശീയ നേതാക്കള്‍, വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം , കര്‍ണാടകയില്‍ വമ്പന്‍ പ്രചാരണം

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കര്‍ണാടകത്തില്‍ പ്രചാരണം ശക്തമാക്കി ദേശീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പന്‍ റോഡ് ഷോ നടത്തി. നിരവധി പേരാണ് റോഡ് ഷോയില്‍ അണിനിരന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സോണിയ ഗാന്ധി, ബിജെപി തോറ്റാല്‍ മോദിയുടെ ആശിര്‍വാദം കിട്ടില്ലെന്ന അമിത് ഷായുടെ പരാമര്‍ത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

കഴിഞ്ഞ തവണ ബിജെപിക്ക് മുന്‍തൂക്കം കിട്ടിയ മണ്ഡലങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ കടന്ന് പോയത്. ഇന്നും നഗരത്തില്‍ നരേന്ദ്രമോദിയുടെ 10 കിലോമീറ്റര്‍ റോഡ് ഷോ നടക്കും.  നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

അതേസമയം, കര്‍ണാടകയില്‍ സജീവപ്രചാരണം നടത്തുകയാണ് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും.രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ മാസം തുടര്‍ച്ചയായി ഉത്തര കര്‍ണാടകയിലും ഓള്‍ഡ് മൈസുരു മേഖലയിലും ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയത്.

ഇന്ന് ബഗളുരു നഗരത്തില്‍ രാഹുല്‍ ഗാന്ധി പൊതുയോഗത്തില്‍ പങ്കെടുക്കും.

ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉന്നയിച്ച 40% കമ്മീഷന്‍ ആരോപണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങുന്ന പ്രചാരണത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രഗ് ദള്‍ നിരോധനം തുണയ്ക്കുമെന്നും ബിജെപിയ്ക്ക് കണക്കുകൂട്ടലുണ്ട്. സര്‍വ്വേകള്‍ എതിരാണെങ്കിലും മോദിയുടെ പ്രചാരണത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.