അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വലിയ രാഷ്ട്രീയ വിസ്ഫോടനങ്ങളുണ്ടാകുമെന്ന് എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായിരിക്കും ഈ സംഭവങ്ങള്‍ നടക്കുക. ശരദ് പവാറിന്റെ അനന്തരവനും എന്‍.സി.പി. നേതാവുമായ അജിത് പവാറും അനുയായികളും ബി.ജെ.പിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് സുലെയുടെ പ്രസ്താവന. എന്നാല്‍, അജിത്ത് പവാര്‍ തന്നെ ബിജെപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിയ സുലെയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
അതേസമയം, അജിത് പവാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. അജിത് പവാര്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെ മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് അജിത് പവാര്‍ പ്രതികരിച്ചു. വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ എന്‍.സി.പിക്കൊപ്പം തുടരുമെന്നും അജിത് പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന പ്രചാരണവും അജിത് തള്ളി. ബി.ജെ.പിക്കൊപ്പം ചേരുന്നതിനു മുന്നോടിയായി 40 എം.എല്‍.എമാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് മുമ്പു വാര്‍ത്ത വന്നിരുന്നത്.
Read more
എന്നാല്‍, അതും അദ്ദേഹം നിഷേധിച്ചു. ആരുടെയും ഒപ്പ് താന്‍ വാങ്ങിയിട്ടില്ല. പക്ഷേ എം.എല്‍.എമാര്‍ തന്നെ കാണുന്നുണ്ട്. അതു പതിവ് പ്രക്രിയയാണ്. അതിനു മറ്റ് അര്‍ത്ഥം കല്‍പ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍.സി.പി. വിടുന്നതിനുവേണ്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. അവസാനമായി അതില്‍ മാറ്റം വരുത്തിയത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോഴാണെന്നും അജിത് പവാര്‍ പറഞ്ഞു.