നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയാണ് ഉള്ളതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
നീറ്റ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളതെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഒന്നും ഒളിക്കാനില്ല. വിഷയത്തിൽ 2010 മുതൽ ചർച്ച നടക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയിൽ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രം മറുപടി പറയാനേ സര്‍ക്കാരിന് ബാധ്യതയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിപറഞ്ഞു. എന്നാൽ മന്ത്രിയുടെ മറുപടിയിൽ തൃപ്തിയാകാതെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. സംയുക്ത പാർലമെൻ്ററി സമിതി വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
2024 നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതിനെച്ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മന്ത്രി ധർമ്മേന്ദ്ര പ്രധാനെ വിമർശിച്ചതോടെയാണ് സംവാദങ്ങൾക്ക് തുടക്കമായത്. ‘നമ്മുടെ പരീക്ഷാ സംവിധാനത്തിൽ ഗുരുതര പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നീറ്റ് പരീക്ഷയിൽ മാത്രമല്ല എല്ലാ വലിയ പരീക്ഷകളിലും അങ്ങനെതന്നെയാണ്. താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് വിദ്യാഭ്യാസമന്ത്രി. എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് അടിസ്ഥാനകാര്യങ്ങൾ പോലും മന്ത്രിക്കറിയില്ലെന്നാണ് തോന്നുന്നത്’- രാഹുൽ പറഞ്ഞു.
പരീക്ഷാ സമ്പ്രദായം അഴിമതി നിറഞ്ഞതാണെന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ പണക്കാരനാണെങ്കിൽ, നിങ്ങളുടെ കൈവശം പണമുണ്ടെങ്കിൽ ഇന്ത്യൻ പരീക്ഷാസംവിധാനത്തെ വിലയ്ക്കെടുക്കാമെന്നാണ് ലക്ഷക്കണക്കിന് ജനങ്ങളും വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിനും ഇതേ തോന്നലാണുള്ളത്. വിഷയത്തിൽ പ്രത്യേകം ചർച്ച നടത്താനായി ഒരു ദിവസം മാറ്റിവെക്കണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
എന്നാൽ രാഹുൽ ഗാന്ധിയുടെ വാക്കുകളില്‍ പ്രകോപിതനായ മന്ത്രി റിമോട്ട് കണ്ട്രോള് സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് തടയാന്‍ കൊണ്ടുവന്ന ബില്ല് മെഡിക്കല്‍ കോളേജുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വലിച്ചുവെന്ന് ആരോപിച്ചു. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് കപില്‍ സിബല്‍ അവതരിപ്പിച്ച ബില്ലുകള്‍ എവിടെയെന്നും മന്ത്രി ചോദിച്ചു. അതേസമയം പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മോദി റെക്കോര്‍ഡിട്ടെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. നീറ്റ് ക്രമക്കേടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. നീറ്റ്, കന്‍വാര്‍ യാത്രയടക്കം വിഷയങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.