ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സാം കോൺസ്റ്റാസിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം ‘ഭീഷണിപ്പെടുത്തുന്ന’ രീതിയിൽ ആഘോഷിച്ചെന്ന് ഓസ്‌ട്രേലിയയുടെ ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡിൻ്റെ ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തൻ്റെ കളിക്കാരെ ന്യായീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. കളിയുടെ ഒന്നാം ദിനത്തിലെ അവസാന ഓവറിൽ ജസ്പ്രീത് ബുംറയുമായി ഏറ്റുമുട്ടിയ യുവതാരം ബുംറയുടെ മാത്രമല്ല ഇന്ത്യൻ താരങ്ങളുടെ ഒന്നടങ്കമുള്ള കലിപ്പിന് ഇടയാക്കി.
ഈ വഴക്കിന് ശേഷം ഇന്ത്യൻ നായകൻ ഉസ്മാൻ ഖവാജയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ, മുഴുവൻ ഇന്ത്യൻ സംഘവും കോൺസ്റ്റാസിൻ്റെ മുന്നിൽ നിന്ന് ആഘോഷം നടത്തുക ആയിരുന്നു. ഓസ്‌ട്രേലിയൻ പരിശീലകൻ ഈ വിഷയത്തിൽ പറഞ്ഞത് ഇങ്ങനെ”മത്സരശേഷം ഞാൻ കോൺസ്റ്റാസുമായി സംസാരിച്ചിരുന്നു. അവന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാനായിരുന്നു സംസാരിച്ചത്. ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തുന്നതായിരുന്നു അനുവദനീയമല്ലാത്ത കാര്യങ്ങൾ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ നടപടികളൊന്നും ഉണ്ടായിട്ടുമില്ല. അതേസമയം സ്വന്തം കളിക്കാരന്റെ കാര്യത്തിൽ ടീമിന് ഉത്തരവാദിത്തമുണ്ട്. ഒരു വിക്കറ്റ് വീഴുമ്പോൾ, നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്നൊരാളുടെ നേരെ എതിർ ടീം ഇത്ര തീവ്രമായി ആഘോഷം നടത്തുന്നത്, ആ കളിക്കാരനെ മാനസിക നിലയെ ബാധിക്കും. അത്തരം സന്ദർഭത്തിൽ ആ കളിക്കാരന് വൈകാരിക പിന്തുണ നൽകേണ്ടതും തുടർന്നു കളിക്കാൻ പ്രാപ്തനാക്കേണ്ടതും ഞങ്ങളുടെ കടമയാണ്.”
എന്നിരുന്നാലും, മക്‌ഡൊണാൾഡിൻ്റെ അവകാശവാദങ്ങളോട് ഗംഭീർ വിയോജിക്കുകയും ഖവാജയുടെ പുറത്താക്കൽ ഇന്ത്യ ആഘോഷിച്ച രീതിയിൽ ഭയപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്നും പ്രസ്താവിച്ചു. കോൺസ്റ്റാസ് ചെയ്ത പ്രവർത്തിക്കുള്ള പണിയാണ് അയാൾക്ക് കിട്ടിയത് എന്നാണ് ഗംഭീർ പറഞ്ഞത്.
“കഠിനരായ താരങ്ങൾ കളിക്കുന്ന ഒരു കടുപ്പമേറിയ കായിക വിനോദമാണിത്. നിങ്ങൾക്ക് അത്ര മൃദുവായിരിക്കാൻ കഴിയില്ല. കഴിയുന്നത്ര ലളിതമാണ് കാര്യങ്ങൾ. അതിൽ ഭയപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. ഖവാജ – ബുംറ വിഷയത്തിൽ അനാവശ്യമായ ഒന്നും പറയേണ്ട കാര്യം കോൺസ്റ്റാസിന് ഇല്ലായിരുന്നു. അത് ചെയ്തതിനാണ് ഇന്ത്യൻ താരങ്ങൾ പണി കൊടുത്തത്”
മത്സരത്തിലേക്ക് വന്നാൽ സ്റ്റാൻഡ് ഇൻ നായകൻ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗംഭീറിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ടീം തോൽവി സമ്മതിക്കുന്നത്.