നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. റോക്കി എന്ന രാകേഷ് രഞ്ജനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യ പ്രതിയാണ്. കേസില്‍ റോക്കി എന്ന രാകേഷ് രഞ്ജന്‍ ഉള്‍പ്പെടെ ഇതുവരെ എട്ട് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വിവിധയിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് റോക്കി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലായത്. പാട്നയിലും കൊല്‍ക്കത്തയിലും നടത്തിയ പരിശോധയ്ക്ക് പിന്നാലെ ആയിരുന്നു റോക്കിയുടെ അറസ്റ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിബിഐ പട്നയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തിരുന്നു.
അതേസമയം നീറ്റ് ചോര്‍ച്ച വ്യാപകമല്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിഹാറിലെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ ചോദ്യപേപ്പറല്ല പ്രചരിപ്പിച്ചതെന്നും വ്യാജ ചോദ്യപേപ്പറിന്റെ സ്ക്രീന്‍ ഷോട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
Read more
അതേസമയം നീറ്റ്-യുജി 2024 പരീക്ഷ ക്രമക്കേടില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആരോപണവിധേയമായ ക്രമക്കേടുകള്‍ മുഴുവന്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.