നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20-ന് നടപ്പാക്കും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20- ന് നടപ്പാക്കാന്‍ പുതിയ വാറണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. മാര്‍ച്ച് 20- ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റും. എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത് . പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബവും രംഗത്തെത്തിയിരുന്നു,.

നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22-ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണ വാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.