നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹരജി കോടതി തള്ളി. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
പ്രതികള്‍ മനപ്പൂര്‍വ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഏഴ് ദിവസത്തിനുള്ളില്‍ പ്രതികള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന സൂചനയാണ് വിധി നല്‍കുന്നത്, പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റാനുള്ള സാധ്യതയും മങ്ങി. ജസ്റ്റിസ് സുരേഷ് കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന് ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.
Read more
2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍വെച്ച് ബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.