ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തന്റെ അനന്തരവന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് 354 കോടി ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന് രതുല്‍ പുരിയെ ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
“അവര്‍ ചെയ്യുന്ന ബിസിനസുമായി എനിക്ക് യാതൊരു ബന്ധവുമില്ല.എന്നാല്‍ ഇത് വഞ്ചനാപരമായ നടപടിയായാണ് എനിക്ക് തോന്നുന്നത്. കേസില്‍ കോടതി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു” ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കമല്‍നാഥ് പറഞ്ഞു.
പിടിക്കപ്പെടാതിരിക്കാന്‍ രതുല്‍ പുരി ഒന്നിലധികം തവണ ശ്രമിച്ചതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റിന്റെ വലയില്‍ പെട്ടത്.പ്രവര്‍ത്തനരഹിതമായ ഇലക്ട്രോണിക്സ് കമ്പനിയായ മോസര്‍ ബെയറിന്റെ മുന്‍ സീനിയര്‍ എക്സിക്യൂട്ടീവ് രതുല്‍ പുരി, 2009 മുതല്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ഈ പണം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച പരാതിയിലാണ് സി.ബി.ഐ കുറ്റം ചുമത്തിയിരിക്കുന്നത്.
രതുല്‍ പുരിയും നാല് മുന്‍ ഡയറക്ടര്‍മാരും പണം സ്വരൂപിക്കുന്നതിനായി വ്യാജരേഖകള്‍ ഉണ്ടാക്കി സെന്‍ട്രല്‍ ബാങ്കിനെ വഞ്ചിച്ച് 354 കോടി രൂപ തട്ടിച്ചു എന്നാണ് കേസ്. കേസില്‍ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തിങ്കളാഴ്ച ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
Read more
മോസര്‍ ബെയര്‍, മാനേജിംഗ് ഡയറക്ടര്‍ ദീപക് പുരി, ഡയറക്ടര്‍മാരായ നിത പുരി, സഞ്ജയ് ജെയിന്, വിനീത് ശര്‍മ എന്നിവരാണ് കുറ്റാരോപിതര്‍.കോംപാക്റ്റ് ഡിസ്കുകള്‍, ഡിവിഡികള്‍, സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ഡാറ്റ സംഭരണ മാധ്യമങ്ങളുടെ നിര്‍മ്മാണത്തിലാണ് മോസര്‍ ബെയര്‍ ഏര്‍പ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി അടച്ചുപൂട്ടി.