'നഷ്ടപരിഹാരം നൽകിയിട്ടില്ല, രക്തസാക്ഷി പദവിയുമില്ല'; രാജ്നാഥ് സിംഗ് പറഞ്ഞത് കള്ളമെന്ന് കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബം

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ലോക്‌സഭയിലെ വാദം തെറ്റാണെന്ന് കശ്മീരിലെ നൗഷേരയിൽ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ലുധിയാന സ്വദേശിയായ അഗ്നിവീർ അജയ് സിങ്ങിൻ്റെ കുടുംബം. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാദം. ഇതിനെ തള്ളിക്കൊണ്ടാണ് സൈനികന്റെ കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അഗ്നിവീർ പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ച വാദങ്ങൾ ശരിവച്ചാണ് കൊല്ലപ്പെട്ട സൈനികൻ അജയ് സിങ്ങിൻ്റെ കുടുംബം രംഗത്തെത്തിയത്. രാജ്‌നാഥ് സിങ്ങിൻ്റെ വാദം കള്ളമാണെന്ന് അജയ് സിങ്ങിന്റെ പിതാവ് ചരൺജിത് സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങൾ ശരിയാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചെന്ന രാജ്‌നാഥ് സിങ്ങിന്റെ വാദം തെറ്റാണെന്നും ചരൺജിത് സിങ് പറഞ്ഞു. ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന അഗ്നിവീറുകൾക്ക് രക്തസാക്ഷി പദവി നൽകുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദവും ശരിയാണെന്നും ചരൺജിത് സിങ് കൂട്ടിച്ചേർത്തു.

ദിവസ വേതനക്കാരനാണ് താൻ. കുടുംബത്തിൻ്റെ ആശ്രയമായിരുന്ന ഏക മകനെയാണ് നഷ്‌ടപ്പെട്ടിരിക്കുന്നതെന്നും രൺജിത് സിങ് പറഞ്ഞു. മകൻ കൊല്ലപ്പെട്ട ശേഷം അവന്റെറെ യൂനിറ്റിൽ നിന്ന് 48 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അവന് രക്തസാക്ഷി പദവി നൽകുകയോ പെൻഷൻ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും രൺജിത് സിങ് പറഞ്ഞു. അതേസമയം അഗ്നിപഥ് പദ്ധതി റദ്ദാക്കി സൈന്യത്തിലേക്ക് നേരിട്ട് നിയമനം നടത്തണമെന്നും രൺജിത് സിങ് ആവശ്യപ്പെട്ടു.

അഗ്നിവീറുകളെ കേന്ദ്ര സർക്കാർ ഉപയോഗിച്ച് വലിച്ചെറിയുകയാണെന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞത്. കശ്മീരിലെ നൗഷേരയിൽ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സൈനികന് നഷ്‌ടപരിഹാരമോ രക്തസാക്ഷി പദവിയോ നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നാരോപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ആരോപിച്ചു. രാഹുൽ ഗാന്ധി കള്ളം പറയുകയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടെന്നാണ് രാജ്‌നാഥ് സിങ്ങിൻ്റെ ആരോപണം.

അതേസമയം അജയ് കുമാറിൻ്റെ കുടുംബത്തിന് ഇതിനകം 98.39 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം രംഗത്തെത്തി. എക്‌സിലാണ് ഇന്ത്യൻ സൈന്യം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അന്തിമ ഒത്തുതീർപ്പിന് ഏകദേശം 1.65 കോടി രൂപ വരുമെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. കുടിശ്ശികയുള്ള മൊത്തം തുകയിൽ അഗ്നിവീർ അജയൻ്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനകം നൽകിക്കഴിഞ്ഞു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അജയ് കുമാറിൻ്റെ അന്ത്യകർമങ്ങൾ. അഗ്നിവീർ സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച് ബാധകമായ, ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ അന്തിമ അക്കൗണ്ട് സെറ്റിൽമെൻ്റിൽ നൽകുമെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.