ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ചുമതലയേറ്റതിന് ശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണ് ഡല്‍ഹിയില്‍ നടന്നത്.
മന്ത്രിസഭായോഗം പാസാക്കിയ പ്രമേയം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പുതിയ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും അമിത്ഷാ പ്രഖ്യാപിച്ചതായി ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
Read more
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത്ഷാ വാഗ്ദാനം നല്‍കിയതായും ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്.