ഒരു ലക്ഷം രൂപയും തൊഴിലും; ഗ്യാരന്റി കാര്‍ഡ് കോണ്‍ഗ്രസിന് പുലിവാലായി; കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ആള്‍ക്കൂട്ടം

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ ഗ്യാരന്റി കാര്‍ഡെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പുലിവാലായി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഓഫീസില്‍ ഗ്യാരന്റി കാര്‍ഡില്‍ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ വാങ്ങാന്‍ നിരവധി സ്ത്രീകളാണെത്തിയത്. യുപിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് സ്ത്രീകള്‍ തടിച്ചുകൂടിയത്.

യുപിയില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇന്ത്യ മുന്നണി യുപിയില്‍ 43 സീറ്റുകള്‍ നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ വാങ്ങാന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറ്റേ ദിവസം തന്നെ സ്ത്രീകളെത്തിയത്. ഇവരുടെ കൈവശം കോണ്‍ഗ്രസിന്റെ ഗ്യാരന്റി കാര്‍ഡും ഉണ്ടായിരുന്നു.

ഒരു ലക്ഷം രൂപയും തൊഴിലുമായിരുന്നു ഗ്യാരന്റി കാര്‍ഡിലെ വാഗ്ദാനം. കോണ്‍ഗ്രസ് പണവും തൊഴിലും നല്‍കുന്ന ഫോം ആണിതെന്ന ധാരണയിലാണ് സ്ത്രീകള്‍ എത്തിയത്. തങ്ങള്‍ക്ക് ഫോം ലഭിച്ചില്ലെന്ന് ആരോപിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ബംഗളൂരുവിലും സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ബംഗളൂരു രാജ്ഭവന്‍ റോഡിലെ ജനറല്‍ പോസ്റ്റ് ഓഫീസിന് മുന്നിലാണ് യുപിയ്ക്ക് സമാനമായി സ്ത്രീകള്‍ തടിച്ചുകൂടിയത്. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുറക്കാനായിരുന്നു സ്ത്രീകളെത്തിയത്.