യുപിയില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരു കുറ്റവാളി കൂടി കൊല്ലപ്പെട്ടു; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പൊലീസ്; 2017 മുതല്‍ ആകെ കൊല്ലപ്പെട്ടത് 184 പേര്‍

ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലെ കാത്രയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. മോഷണ ശ്രമത്തിനിടെ കോളേജ് പ്രൊഫസറെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷഹബാസ് ആണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷഹബാസ് കോളേജ് പ്രൊഫസറായ അലോക് ഗുപ്തയെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേള്‍പ്പിക്കുകയും ചെയ്തിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് ഷഹബാസ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പൊലീസ് സൂപ്രണ്ടന്റ് അശോക് കുമാര്‍ മീണ പറഞ്ഞു. യാത്രയ്ക്കിടെ ബാട്ടിയ ഗ്രാമത്തിനടുത്ത് തെരുവ് മൃഗങ്ങള്‍ മാര്‍ഗ്ഗ തടസം സൃഷ്ടിച്ചപ്പോള്‍ പ്രതി വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്.

പ്രതി പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐയുടെ തോക്ക് കൈവശപ്പെടുത്തി വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഷഹബാസ് പൊലീസിന് നേരെ വെടിയുതിര്‍ത്തതായും ആരോപണമുണ്ട്. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം.

Read more

എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിരന്തരം കുറ്റവാളികളെ വെടിവച്ച് കൊല്ലുന്ന പൊലീസ് നടപടിയില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. 2017 മുതല്‍ 183 കുറ്റവാളികളാണ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.  ഷഹബാസ് കൂടി കണക്കുകളില്‍ ഇടംപിടിക്കുമ്പോള്‍ അത് 184 ആയി മാറും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് സമഗ്രമായ സത്യവാങ്മൂലം ഹാജരാക്കാന്‍ സുപ്രീം കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.