ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന്റെ പേരില്‍ ഒരു മരണം കൂടി. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ ഖതായ് ഗ്രാമത്തിലെ 55കാരിക്ക് ദാരുണാന്ത്യം. റെയ്ഡിനിടെ നടന്ന പൊലീസ് അതിക്രമത്തില്‍ ബിജ്‌നോര്‍ ഖതായ് സ്വദേശി റസിയ കൊല്ലപ്പെട്ടെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്.
മരണപ്പെട്ട റസിയയുടെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് വാറന്റ് ഇല്ലാതെയാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസിന്റെ ആക്രമണത്തില്‍ റസിയയ്ക്ക് പാനിക് അറ്റാക്ക് ഉണ്ടായതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥര്‍ മാതാവിനോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തതായി റസിയയുടെ മകള്‍ ഫര്‍ഹാന പറഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ റസിയയെ നെഞ്ചില്‍ പിടിച്ചു തള്ളിയതായും ഇതേ തുടര്‍ന്ന് റസിയ നിലത്തുവീണതായും മകള്‍ കൂട്ടിച്ചേര്‍ത്തു.
ഉടന്‍തന്നെ റസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലേക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ലെന്നും റസിയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം പൊലീസ് പരിശോധനയില്‍ വീട്ടില്‍ നിന്നും യാതൊന്നും കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ വാറന്റ് കൂടാതെ വീട്ടില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തുകയും ഒരു സ്ത്രീയുടെ മരണത്തിന് കാരണമാകുകയും ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
In UP’s Bijnor, a police team conducted a raid acting on a tip-off that beef was stored in the house. A 55-year-old woman died allegedly during the raid. Family claims the policemen misbehaved with the elderly victim. Police didn’t find any “objectionable” edible content in the… pic.twitter.com/kpR7oTFyEi
— Piyush Rai (@Benarasiyaa) August 28, 2024
Read more