കാന്‍സറിനെ നേരിട്ടതിനെ കുറിച്ച് പറഞ്ഞ് നടി ശിവാനി ഭായ്. അണ്ണന്‍തമ്പി, ചൈനാടൗണ്‍, ഗുരു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശിവാനി. 2022ല്‍ ആയിരുന്നു ശിവാനിയെ കാന്‍സര്‍ ബാധിച്ചത്. തന്നെ കോവിഡ് ബാധിച്ചില്ലെങ്കിലും കാസര്‍ മൂന്നാം ഘട്ടത്തിലായിരുന്നു എന്നാണ് ശിവാനി പറയുന്നത്.
വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവാനി സംസാരിച്ചത്. അന്ന് കേരളത്തിന് സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞു പടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവര്‍ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു.
രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് അന്ന് ഫ്രണ്ട്‌സ് കളിയാക്കി. പക്ഷേ, വലിയ വില്ലന്റെ വരവിന് മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാന്‍ കൂടി പങ്കാളിയായ വര്‍ക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.
ചില അസ്വസ്ഥതകള്‍ തോന്നിയത് കൊണ്ട് ആശുപത്രിയിലെത്തി. ബയോപ്‌സി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഞാന്‍ തകര്‍ന്നു പോയി. ടെസ്റ്റ് റിപ്പോര്‍ട്ട് വന്നു. കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോള്‍. പിന്നെ, ചികിത്സയുടെ നാളുകള്‍. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാര്‍ഥ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞത്.
രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത് എന്നാണ് ശിവാനി പറയുന്നത്. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഡിഎന്‍എ എന്ന മലയാള ചിത്രത്തിലാണ് ശിവാനി ഒടുവില്‍ വേഷമിട്ടത്.