ബി.ജെ.പി നേതാക്കളുടെ മരണകാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദം: പ്രംഗ്യാ സിംഗ് താക്കൂര്‍ എം.പി

മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണകാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദം മൂലമെന്ന് ബി.ജെ.പി എം.പി പ്രംഗ്യാ സിംഗ് താക്കൂര്‍.

“ഒരിക്കല്‍ മഹാരാജ് ജി എന്നോട് പറഞ്ഞു, നമ്മുടെയെല്ലാം ജീവിതത്തില്‍ മോശം സമയമുണ്ടാകുമെന്നും എതിരാളികള്‍ നമുക്കെതിരെ മാരക ശക്തി പ്രയോഗിക്കുമെന്നും. ഞാന്‍ പിന്നീട് ഇക്കാര്യം മറന്നു. പക്ഷേ ഇപ്പോള്‍ ബി.ജെ.പിയിലെ ഓരോ നേതാക്കളായി ഞങ്ങളെ വിട്ടു പോകുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു. മഹാരാജ് ജി ശരിയായിരുന്നില്ലേ?” ബി.ജെ.പി ഓഫീസില്‍ നടന്ന അനുശോചന യോഗത്തില്‍ അവര്‍ പറഞ്ഞു.

നേരത്തെ പലതവണ വിവാദ പ്രസ്താവനകള്‍ നടത്തി പ്രംഗ്യാ സിംഗ് താക്കൂര്‍ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് .

ഓഗസ്റ്റ് ആറിനാണ് മുന്‍ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമാ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 67 വയസായിരുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

Read more

ഓഗസ്റ്റ് 24-ന് മുന്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചു. ഒരാഴ്ചയിലേറെ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് അരുണ്‍ ജെയ്റ്റ്‌ലി മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.