രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീംകോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു.
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നത് മറ്റ് വഴികൾ ഇല്ലാത്തവരാണെന്ന് കോടതി നിരീക്ഷിച്ചു. ദാരിദ്ര്യം രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ ആരും ഭിക്ഷ യാചിക്കില്ലായിരുന്നെന്നും ജസ്റ്റ്സ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക് സിഗ്നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുളള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്നമാണ്. ഭിക്ഷാടനത്തിന് അവരെ അനുവദിക്കില്ലെന്ന് ഞങ്ങൾക്ക് പറയാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Read more
അതേസമയം ഭിക്ഷാടനം നടത്തുന്നവരെ വാക്സിനേഷൻ നടത്തി പുനരധിവസിപ്പിക്കണം എന്ന ഹർജിയിലെ വാക്സിനേഷൻ എന്ന ആവശ്യം പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ സർക്കാരിനോട് നിർദ്ദേശവും നൽകി. യാചകരുടെ മക്കൾക്ക് വിദ്യാഭ്യാസവും അവർക്ക് തൊഴിലും നൽകി പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.