ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായിയോട് വേണ്ട, വിലപ്പോവില്ല; പിന്തുണച്ച് പി. ചിദംബരം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായി വിജയന് മുന്നില്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം . ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ഗവര്‍ണര്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ വിശ്വാസത്തെക്കാള്‍ മുഖ്യമന്ത്രിയുടെ വിശ്വാസമല്ലേ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഗവര്‍ണര്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൊലീസിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുണ്ട്. ഇതൊക്കെ താനാണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും കരുതിയാല്‍ അത് മനസിലിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാന്‍സലര്‍ക്ക് യൂണിവേഴ്സിറ്റി നിയമത്തിന്റേത് അല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല. വിസിക്കെതിരെ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഗവര്‍ണര്‍ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജുഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നു.

തന്നിലാണ് നാട്ടിലെ സര്‍വാധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നതുകൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാന്‍ ഒരു മന്ത്രിസഭയും നിയമസഭയുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അതേസമയം, സംസ്ഥാനത്തെ യൂണിവേഴ്സിറ്റി വിസിമാര്‍ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇടക്കാല സ്റ്റേയില്ല. രാജിവെക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഗവര്‍ണര്‍ നടപടിയെടുത്ത വിസിമാരില്‍ ഏഴ് പേരാണ് കാരണം കാണിക്കല്‍ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്.