പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് അവതരണം നാളെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ എത്തി രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ വെക്കും.

നാളെയാണ് ബജറ്റ് അവതരണം. നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും സമ്മേളനത്തില്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും.

അതേസമയം, പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് ആരോപണങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, വിലക്കയറ്റം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പെഗാസസ് വിഷയം നേരത്തെയും പാര്‍ലമെന്റ് സ്തംഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

Read more

ഫെബ്രുവരി 11 വരെയാണ് ആദ്യപാദ ബജറ്റ് സമ്മേളനം. തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടു വരെ് രണ്ടാംഘട്ട സമ്മേളനം നടക്കും. ഉത്തര്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.