'യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ല'; പാര്‍ട്ടി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ കോണ്‍ഗ്രസ് വിട്ടു

പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു. കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ വ്യക്തി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്നുവെന്ന് ഷര്‍ഗില്‍ രാജി കത്തില്‍ പറയുന്നു.

യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ല. പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ തീരുമാനങ്ങളും, യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും ഷെര്‍ഗില്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്ന് നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തേ രാജിവച്ചിരുന്നു.