സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. അവകാശവാദങ്ങള്‍ ആശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നു. ഇതുകൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം ഉണ്ടായതെന്നും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയുടെ മാപ്പില്‍ പറയുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബ രാംദേവും നേരിട്ടു ഹാജരാകാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മാപ്പ് അപേക്ഷ നല്‍കിയിരിക്കുന്നത്.
പരസ്യങ്ങള്‍ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നതാണ് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്.
Read more
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ ആചാര്യ ബാലകൃഷ്ണ ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, മറുപടി കൂടി നല്‍കിയില്ലെന്നു വ്യക്തമായതോടെ കോടതി നിലപാട് കടുപ്പിച്ചു. രാംദേവ് ഹാജരാകണമെന്ന നിര്‍ദേശത്തെ അവരുടെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി എതിര്‍ത്തു. അദ്ദേഹം കമ്പനിയില്‍ പ്രത്യേക പദവി വഹിക്കുന്നില്ലെന്നു വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസത്തെ ഉത്തരവിനെക്കുറിച്ച് രാംദേവ് മാധ്യമങ്ങളില്‍ പ്രതികരണം നല്‍കിയതു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.