എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐ.സി.യു മേധാവിക്ക് സസ്‌പെന്‍ഷന്‍

ഹൈദരബാദിലെ വാറങ്കല്‍ എംജിഎം ആശുപത്രിയിലെ ഐസിയുവില്‍ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. 38കാരനായ ശ്രീനിവാസനാണ് മരിച്ചത്. സംഭവത്തില്‍ ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു.

അമിത മദ്യപാനി ആയിരുന്ന ശ്രീനിവാസന്റെ ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഇയാളെ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് മാര്‍ച്ച് 30നാണ് ശ്രീനിവാസന് എലിയുടെ കടിയേറ്റത്. മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും രോഗിയുടെ സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും ശ്രീകാന്ത് പറയുന്നു.ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം മോശം അവസ്ഥയിലായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് ഇയാളെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.

Read more

ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തത് കൂടാതെ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.