പെഗാസസ്​ ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി: മോദിയെ എതിർകക്ഷി

പെഗസസ്​ ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ്​ ഹരജിക്കാരന്‍റെ ആവശ്യം. അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, ഫോൺ ചോർത്തലിൽ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു. പെഗാസസ് വാങ്ങിയെന്ന ആരോപണം സർക്കാർ നിഷേധിച്ചിട്ടില്ലെന്നും, വിവാദം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.

അതിനിടെ കേന്ദ്രസർക്കാർ ഇന്ന് ഫോൺ ചോർത്തലിൽ ​മറുപടി നൽകും. ഐ.ടി മന്ത്രി അശ്വനി വൈഷ്​ണവ്​ രാജ്യസഭയിലാണ്​ മറുപടി നൽകുക. ഇന്ന്​ ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഐ.ടി മന്ത്രി​ പെഗസസിനെ കുറിച്ച്​ പ്രസ്​താവന നടത്തുക.