പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെ നിര്‍ണായകമായ കേന്ദ്ര മന്ത്രിസഭ യോഗം ആരംഭിച്ചു. വൈകീട്ട് 6.30ന് ആരംഭിച്ച യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് അനെക്‌സ് മന്ദിരത്തിലാണ് തുടരുകയാണ്. പ്രത്യേക മന്ത്രിസഭ യോഗത്തിന്റെ അജണ്ടയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, പാര്‍ലമെന്റ് സ്‌പെഷല്‍ സെഷനില്‍ പാസ്സാക്കേണ്ട നിര്‍ണായക ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നാണ് പുറത്തുവരുന്ന വിവരം.
മന്ത്രിസഭ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിമാരെ കണ്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും ഇവരോടൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
പഴയ പാര്‍ലമെന്റ് മന്ദിരത്തേയും, മുന്‍ പ്രധാനമന്ത്രിമാരെയും പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. വനിത എം പിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമെന്ന് പറഞ്ഞ മോദി വനിത അംഗങ്ങള്‍ കൂടുന്നതില്‍ സന്തോഷമെന്നും പറഞ്ഞു.
ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നു. ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടങ്ങളാണ്. ജി 20 ഉച്ചകോടി വലിയ വിജയമായി. നാനാത്വത്തിന്റെ ആഘോഷമായി മാറി. ജി20 ആതിഥേയത്വത്തിലൂടെ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇതിലൂടെ പുതിയ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. ഇത് ഹ്രസ്വ സമ്മേളനമാണെന്ന് കരുതേണ്ടതില്ല. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തിലും ഉണ്ടാകും.
എല്ലാ കക്ഷികളും ഈ സമ്മേളനം പ്രയോജനപ്പെടുത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നാളെ ഗണേശ ചതുര്‍ഥിയാണ്. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുകയാണ്. വിഘ്‌നങ്ങള്‍ അകറ്റുന്ന വിഘ്‌നേശ്വരനാണ് ഗണേശ ഭഗവാന്‍. ഇനി രാജ്യത്തെ വികസനത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
Read more
അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനമാണ് നടക്കുന്നത്. പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളില്‍ വനിത സംവരണ ബില്ലും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്ലും ഉള്‍പ്പെടുത്തിയിട്ടില്ല. വനിത സംവരണ ബില്‍ പാസാക്കണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം സമ്മേളനത്തിനായി പുതുക്കിയ അജണ്ടയില്‍ ഭാരത് പരാമര്‍ശം സ്ഥാനം പിടിച്ചത് ചര്‍ച്ചയാകുകയാണ്.ചര്‍ച്ച ഭാരതത്തെ വികസിത രാജ്യമാക്കാന്‍ വേണ്ടിയുള്ളതെന്നാണ് അജണ്ടയിലെ പരാമര്‍ശം.