പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; തിരികെപ്പിടിക്കുക തന്നെ ചെയ്യും; വിഘടനവാദം ശക്തിപ്രാപിച്ചത് 370 വകുപ്പിന്റെ നിഴലിലെന്ന് അമിത് ഷാ

പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പിഒകെ തിരികെ പിടിക്കുക എന്നത് എല്ലാ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണെന്നും അദേഹം പറഞ്ഞു. പാക്ക് അധീന കശ്മീരില്‍ താമസിക്കുന്ന മുസ്ലിംകളും ഹിന്ദുക്കളും ഇന്ത്യക്കാരാണ്. ബിജെപിയും പാര്‍ലമെന്റും പാക്ക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് കരുതുന്നത്. ആ ഭൂമി ഇന്ത്യയുടേതാണ്. അതു തിരികെപ്പിടിക്കുകതന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കശ്മീരികളുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും സ്വത്വത്തിനും നേര്‍ക്കു ഭീഷണി ഉയരുമെന്നാണു പറഞ്ഞുകൊടുത്തിരുന്നത്. ഇപ്പോള്‍ അതു പിന്‍വലിച്ചിട്ട് അഞ്ചു വര്‍ഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്മീര്‍ സ്വദേശികള്‍ ഇന്നു സ്വതന്ത്രരാണ്.

ആര്‍ട്ടിക്കിള്‍ 370ന്റെ നിഴലിലാണു വിഘടനവാദം ശക്തിപ്രാപിച്ചത്. കശ്മീര്‍ പുരോഗതിയുടെ പാതയിലേക്കു മുന്നോട്ടുപോകുകയാണ്. ഭീകരതയുടെ അവസാനമായി. കല്ലേറ് പൂര്‍ണമായി ഇല്ലാതായി. കശ്മീരിലേക്ക് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നു. അവിടുത്തെ സാമ്പത്തിക മേഖലയുടെ ഗ്രാഫ് ഉയര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു.