മദ്യപിച്ച് കാറിന് മുകളില്‍ യുവാക്കളുടെ നൃത്തം, വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസ്

മദ്യപിച്ച് ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി യുവാക്കള്‍ നൃത്തം വച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്. ഇവര്‍ക്ക് 20000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

തിരക്കേറിയ ഡല്‍ഹി- മീററ്റ് എക്സ്പ്രസ് വേയിലായിരുന്നു യുവാക്കളുടെ നൃത്ത പ്രകടനം. റോഡിലൂടെ മാരുതി സുസുക്കി എര്‍ട്ടിഗയുടെ മുകളില്‍ കയറി നൃത്തം ചെയ്യുന്ന 33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. മദ്യപിച്ചുകൊണ്ട് പ്രകടനം നടത്തിയ ഇവര്‍ പെട്ടെന്ന് കാറിന് മുകളില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവിംഗ് സീറ്റില്‍ കയറി വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ പൊലീസ് 20,000 രൂപ പിഴ ചുമത്തിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഉടമയുടെ പേരും പിഴയുടെ ഇ- ചെലാന്റെ നമ്പറുമുള്‍പ്പെടെയുള്ള പകര്‍പ്പും പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.