കോയമ്പത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ അര്‍ദ്ധരാത്രി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി പത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് തെളിവുകള്‍ ലഭിച്ചതിനാലാണ് നടപടിയെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.
ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് രമേശ് കുമാര്‍, ജില്ലാ ട്രഷറര്‍ സെന്തില്‍ കുമാര്‍ എന്നിവരെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി ആവാരം പാളയത്ത് നടന്ന പ്രചാരണം നീണ്ടതോടെ ബിജെപി പ്രവര്‍ത്തകരും ഇന്ത്യാ മുന്നണി നേതാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷത്തില്‍ ഇന്ത്യാ മുന്നണി പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തുടര്‍ന്നാണ് അണ്ണാമലൈയ്‌ക്കെതിരേ ഇന്ത്യാ മുന്നണി നേതാക്കള്‍ പൊലീസില്‍ കേസ് നല്‍കിയത്.
അക്രമണം നടന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഡിഎംകെ പറഞ്ഞു. എന്നാല്‍, പത്തിന് ശേഷം ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് വിലക്കുള്ളതെന്നാണ് കരുതിയിരുന്നതെന്നാണ് അണ്ണാമലൈ പറഞ്ഞു.
Read more
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച ഇന്ത്യാ മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു.