സ്ഥലത്ത് ആംബുലൻസും ഡോക്ടറും നിർബന്ധം; കെ കെയുടെ മരണത്തിനു പിന്നാലെ ഇവന്റുകാർക്ക് പുത്തൻ നിർദേശങ്ങളുമായി കൊൽക്കത്ത പൊലീസ്

ബോളിവുഡ് ഗായകൻ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ പിന്നാലെ ഇവന്റ് സംഘാടകർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി കൊൽക്കത്ത പൊലീസ്. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെ പൊലീസിനെ വിവരമറിയിക്കണം.

പരിപാടി നടത്തുന്ന സംഘാടകർ സ്ഥലത്ത് എമർജൻസി ആംബുലൻസും ഒരു ഡോക്ടറെയും നിർബന്ധമായും ഏർപ്പാടാക്കുക, പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്നത്. പരിപാടിയിലെ സീറ്റുകൾക്ക് അനുസരിച്ച് മാത്രമേ ടിക്കറ്റുകൾ വിൽക്കാൻ പാടുള്ളൂ.

പരിധിയിൽ കവിഞ്ഞ് കാണികളുള്ള പരിപാടികൾ സംഘടിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് കമ്മീഷണർ വിനീത് ഗോയൽ വ്യക്തമാക്കിട്ടുണ്ട്. കെകെയുടെ പരിപാടിയുടെ രണ്ട് വീഡിയോകളും പ്രസ് കോൺഫറൻസിൽ ഇദ്ദേഹം കാണിച്ചു. ദീർഘനാളായി അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.

കെകെയുടെ മരണത്തിൽ അസ്വഭാവിക കാരണങ്ങളില്ലെന്നും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെങ്കിലും ഇദ്ദേഹം പങ്കെടുത്ത കൊൽക്കത്തയിലെ സംഗീത പരിപാടിയുടെ സംഘാടകർക്കെതിരെ വിമർശനമുയരുന്നുണ്ട്. വലിയ തോതിൽ ജനാവലിയുണ്ടായിരുന്ന പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ല.