രാഷ്ട്രീയ പാര്‍ട്ടികള്‍ ജനക്ഷേമത്തിനായി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം: രാംനാഥ് കോവിന്ദ്

രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് ചിന്തിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ദേശ താത്പര്യം മുന്‍ നിര്‍ത്തി, ജനങ്ങളുടെ ക്ഷേമത്തിന് എന്താണ് ആവശ്യമെന്ന് അറിഞ്ഞ് വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞേു. ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പാര്‍ലമെന്റില്‍ സംവാദത്തില്‍ പങ്കെടുക്കുമ്പോഴും എതിര്‍പ്പ് രേഖപ്പെടുത്തുമ്പോഴും എംപിമാര്‍ ഗാന്ധിയന്‍ തത്വശാസ്ത്രം പാലിക്കണമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് രാജ്യത്തെ എല്ലാ ജനങ്ങളോടും നന്ദി രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് എതിര്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള അവകാശമുണ്ട്. അത് ഗാന്ധിയന്‍ മാര്‍ഗത്തിലാകണം. സമാധാനവും ഐക്യവും ഉണ്ടാകണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും യാത്രയയപ്പ് നല്‍കിയത്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങ്. എല്ലാ എംപിമാരും ഒപ്പിട്ട മൊമന്റോ സ്പീക്കറും ഉപരാഷ്ട്രപതിയും ചേര്‍ന്ന് രാഷ്ട്രപതിക്ക് കൈമാറി. ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു നാളെ സത്യപ്രതിജ്ഞ പ്രതിജ്ഞ ചെയ്യും.മുര്‍മുവിന് അഭിനന്ദനം അറിയിച്ച രാംനാഥ് കോവിന്ദ് അവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞു.