വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന്റെ ആഘോഷങ്ങളിലാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം. പാര്‍ട്ടി ഹെഡ് ക്വോര്ട്ടേഴ്സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് മാലയിടാനും പൂക്കള്‍ നല്കി അനുമോദിക്കാനുമെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തലകുനിച്ച് ആദരവ് രേഖപ്പെടുത്തി. വേദിയിലെത്തിയ വനിത പ്രവര്‍ത്തകര്‍ അഭിനന്ദിച്ചപ്പോളാണ് പ്രധാനമന്ത്രി മോദി അവരെ താണുവണങ്ങിയത്. സ്ത്രീകള്‍ മാലയിട്ട് സ്വീകരിച്ചപ്പോള്‍ കൂപ്പുകൈകളോടെയാണ് പ്രധാനമന്ത്രിയെത്തിയത്. വനിത പ്രവര്‍ത്തകരില്‍ ഒരാള്‍ തന്റെ കാലില്‍ തൊടാനെത്തിയത് നരേന്ദ്ര മോദി തടയുകയും ചെയ്തു. പാര്‍ലമെന്റില്‍ വനിതകള്‍ക്കു 33 ശതമാനം സംവരണം നല്കുന്ന ബില്‍ പാസായതിനു പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Had the honor of meeting our dynamic women MPs who are absolutely thrilled at the passage of the Nari Shakti Vandan Adhiniyam.
It is gladdening to see the torchbearers of change come together to celebrate the very legislation they have championed.
With the passage of the Nari… pic.twitter.com/et8bukQ6Nj
— Narendra Modi (@narendramodi) September 21, 2023
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചരിത്രം രചിക്കപ്പെടുന്നതിന് സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരോട് പറഞ്ഞു. ഉറച്ച തീരുമാനവും സ്ഥിരതയുള്ള ഒരു സര്‍ക്കാരുള്ളതു കൊണ്ടാണ് വനിത ബില്‍ യാഥാര്‍ഥ്യമായത്. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതിനാലാണ് ഇത്തരത്തില്‍ ചരിത്രപരമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ ഒരു പുതിയ യുഗത്തിന് താന്‍ തുടക്കമിടുമെന്ന ‘മോദിയുടെ ഉറപ്പ്’ നിറവേറ്റുന്നതിന്റെ തെളിവാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നിരവധി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് മോദിയെ സ്വീകരിക്കാനെത്തിയത്. നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമാണ് ബിജെപി ആസ്ഥാനത്ത് പാര്‍ട്ടിയിലെ മഹിള മോര്‍ച്ച വിഭാഗം ഒരുക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, വനിത കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, കേരളത്തില്‍നിന്നുള്ള രാജ്യസഭ എംപി പി ടി ഉഷ എന്നിവരും ബിജെപി ആസ്ഥാനത്തെ ആഘോഷങ്ങളില്‍ സന്നിഹിതരായിരുന്നു.
ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നുവെന്നും ഒരുസമയത്ത് പാര്‍ലമെന്റില്‍ വനിതാ ബില്‍ കീറിയെറിഞ്ഞവര്‍ വരെ ഇന്ന് അതിനെ പിന്തുണച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയേയും ആര്‍ജെഡിയേയും ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.
Read more
സ്ത്രീ ശക്തിയുടെ മുന്നേറ്റമാണ് പണ്ട് എതിര്‍ത്തവരുടെ ഇപ്പോഴത്തെ പിന്തുണയ്ക്ക് കാരണമെന്നും മോദി പറഞ്ഞു. വനിതാ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിനു ആരുടെയും സ്വാര്‍ഥ താല്പര്യങ്ങള് ഒരു തടസ്സമായി വരാന്‍ തങ്ങള്‍ അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മുന്‍പ് എപ്പോഴൊക്കെ ഈ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നോ അപ്പോഴൊക്കെ ഇത് യാഥാര്‍ഥ്യമാക്കാന്‍ ഒരു ആത്മാര്‍ഥമായ നടപടിയും ഉണ്ടായിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.