'ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം'; റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചതോടെ വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരോടും പ്രാദേശിക ഭാഷകളിൽ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വോട്ട് ചെയ്യാൻ വിവിധ ഭാഷകളിലാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ളത്. യുവാക്കളും ആദ്യമായി വട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു.

മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും രണ്ട് വർഷം നീണ്ട തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷർ ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാട്ടിലെ 39-ഉം അരുണാചൽ പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാൻ-നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, പുതുച്ചേരി, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെ 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ ഒന്നുവരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ജൂൺ നാലിന്.