പ്രധാനമന്ത്രിയുടെ വിശ്വസ്തൻ മനോജ് സോണി യുപിഎസ്​സി ചെയർമാൻ സ്ഥാനം രാജിവെച്ചു; കാലാവധി തീരാൻ അഞ്ച് വർഷം ബാക്കി

യുപിഎസ്​സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് മനോജ് സോണി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. രാജി അംഗീകരിച്ചാൽ മാത്രമേ പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കൂ. 2017ലാണ് യുപിഎസ്‌സിയിൽ മനോജ് സോണി അംഗമാകുന്നത്. തുടർന്ന് 2023 മേയ് 16ന് മനോജ് സോണിയെ യുപിഎസ്‌സി ചെയർമാനായി നിയമിക്കുകയായിരുന്നു. 2029 വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാമെന്നിരിക്കെയാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി കാലത്ത് സംസ്ഥാനത്ത് വഡോദരയിലെ പ്രശസ്തമായ എംഎസ് സർവകലാശാലയിലെ വൈസ് ചാൻസലർ ആയി മനോജ് സോണിയെ നിയമിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് 40 വയസ് മാത്രമായിരുന്നു പ്രായം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ ആയിരുന്നു മനോജ് സോണി.

പിന്നീട് ഡോ. ബാബാസാഹേബ് അംബേദ്‌കർ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ആയും സോണി പ്രവർത്തിച്ചിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുതിയിരുന്നവരിൽ ഒരാൾ മനോജ് സോണി ആണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

Read more