ഹൂഗ്ലി നദിയിലൂടെ കുതിച്ചു പായാം; രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ കൊൽക്കത്തയിൽ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട നദിയുടെ ഉള്ളിലൂടെ നിര്‍മിക്കപ്പെടുന്ന ആദ്യ പൊതുഗതാഗത തുരങ്കപാത കൂടിയാണിത്.

അത്യാധുനിക സാങ്കേതികവിദ്യയുടെ നേട്ടമെന്ന നിലയിലും രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിർണായക നാഴികക്കല്ലെന്ന നിലയിലും രാജ്യത്തിന് അഭിമാനമാകുന്ന തുരങ്ക പാതയാണിത്. കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ രണ്ട് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നതിനാലും ഹൗറ മൈതാൻ- എസ്പ്ലാനോഡ് മെട്രോ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

പാതയുടെ 10.8 കിലോമീറ്റര്‍ ജലത്തിനടിയിലും 5.75 കിലോമീറ്റര്‍ പ്രത്യേക പാലം ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലുമാണ് നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും. കൊൽക്കത്തയുടെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയുമാണ് പാത ബന്ധിപ്പിക്കുക. ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്.

മെട്രോ പാതയുടെ ഭാഗമായ ഹൗറ മെട്രോ സ്‌റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്‌റ്റേഷനാണ്. 33 മീറ്ററാണ് ഇവിടുത്തെ ആഴം. ഇന്ത്യയില്‍ ആദ്യമായി മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയ നഗരം എന്നതിനൊപ്പം ആദ്യമായി അണ്ടര്‍ വാട്ടര്‍ മെട്രോ നിലവില്‍ വന്ന നഗരമായും ഇനി കൊല്‍ക്കത്ത അറിയപ്പെടും. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്‌റ്റേഷനുകൾ.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. അത് ഹൂഗ്ലിയിലെ ഭാഗം 45 സെക്കൻഡ് കൊണ്ട് മറികടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ പൊതുജനങ്ങൾക്കായി മെട്രോ യാത്ര നടത്താൻ അവസരം ലഭിക്കും. 2023 ഏപ്രിലിലാണ് ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ ട്രയിൻ ആദ്യമായി ഓടിച്ച് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചത്.

കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളാണുള്ളത്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിർമാണത്തിലാണുള്ളത്.